Sunday, December 03, 2006

ചിന്താവൈകൃതങ്ങള്‍ - 1

പപ്പടം

ആറ്റംബോംബുകള്‍ സൃഷ്ടിക്കും
ശാസ്ത്രജ്ഞന്‍ അമ്പരക്കയാം
പപ്പടത്തിന്നകത്തേയ്ക്കു
കാറ്റു കേറ്റുന്നതെങ്ങനെ

(മുത്തച്ഛന്റെ കവിതാ സമാഹാരത്തില്‍ നിന്നും)

Wednesday, August 23, 2006

നാടോടി

കരളില്‍ തീ എരിയുന്നു, തലമണ്ട പുകയുന്നു
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി
നേരെ മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി

ചങ്കിടിക്കും മണികൊട്ടി, ശങ്കമീട്ടും കൊടികാട്ടി
കാളിടും വിശപ്പിന്റെ ചൂളം വിളിച്ചു നേരേ-
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി നേരേ-
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി.

അന്തവുമതിരുമറ്റുടനീളം കിടക്കുന്നു
ആയിരം മൈല്‍ നീണ്ട റയില്‍പ്പാളങ്ങള്
‍ആയിരം മൈല്‍ നീണ്ട റയില്‍പ്പാളങ്ങള്‍

ഏറ്റങ്ങളനവധി ഇറക്കങ്ങളനവധി
എന്നിട്ടും പായുന്നെന്റെ റയിലുവണ്ടി
നേരെ മുന്നോട്ടു പായുന്നെന്റെ റയിലുവണ്ടി.

കരളില്‍ തീ എരിയുന്നു...

പലരോടുമടുക്കുന്നു പലരുമായകലുന്നു
പലനാടും കാടും മേടും കടന്നോടുന്നു
പല നാടും കാടും മേടും കടന്നോടുന്നു

മലകേറിയിറങ്ങുന്നു, പുഴതാണ്ടി കടക്കുന്നു
ഇരുളേറും തുരങ്കങ്ങളിഴഞ്ഞും വലിഞ്ഞും നേരേ-
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി.

ബെല്ലില്ല, ബ്രേക്കില്ല, വലിക്കും ചങ്ങലയില്ല,
കൊടികാട്ടിനിറുത്തുവാനാപ്പീസറില്ലാ
കൈചൂണ്ടി കാണിക്കുന്ന വഴികാട്ടിവിളക്കില്ല

അയ്യോ! നാം എത്തിച്ചേരും ആപ്പീസേതെന്നറിയില്ല
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി
നേരേ മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി...

കരളില്‍ തീയെരിയുന്നു...


(1952 ല്‍ നാടകത്തിനുവേണ്ടി എഴുതിയത്)

Saturday, August 19, 2006

ആമുഖം

ആഗസ്റ്റ് 18, 2006

“അമ്മേ ഇന്ന് വെളുപ്പിന് ഞാന്‍ പപ്പയെ സ്വപ്നം കണ്ടു”. അന്നു രാവിലെ ഞാന്‍ അമ്മയോടു പറഞ്ഞു. “ഞാന്‍ ഇതു കുറച്ച് ദിവസമായി കാണുന്നുണ്ട്. ഇതേ ദിവസമാണ് പപ്പയെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.” അമ്മ വ്യസനത്തോടെ പറഞ്ഞു. ഞാന്‍ എന്റ്റെ മുത്തച്ഛനെ (അമ്മയുടെ അച്ഛന്‍) പപ്പയെന്നാണ് വിളിച്ചിരുന്നത്.

ഞങ്ങളെ വിട്ടുപിരിഞ്ഞ പപ്പയുടെ പാവന സ്മരണയ്ക്കു മുന്നില്‍ വിനീതമായി ഈ ബ്ലോഗ്ഗ് സമര്‍പ്പിക്കുന്നു.

കെട്ടിലമ്മ എന്ന കവിതാ സമാഹാരത്തില്‍ നിന്ന് കടമെടുത്ത ചില വാക്കുകള്‍ ഇവിടെ കുറിക്കട്ടെ.

ആദ്യമിറങ്ങുന്ന സ്വന്തം സമാ‍ഹാരത്തിന് ആമുഖമെഴുതുവാന്‍ കഴിയാതെ പോയ കവിയാണ് ശ്രീ.മേപ്പള്ളി ബാലന്‍. 2001 ആഗസ്റ്റിലെ തിരുവോണരാത്രിയില്‍ കവിയും രണ്ടു മാസത്തിനു ശേഷം അതേ നാളില്‍ അതേ മുറിയില്‍ വച്ച്‌ സഹധര്‍മ്മിണിയും ലോകത്തോട്‌ യാത്ര പറഞ്ഞു.

അതോടെ അദ്ദേഹമെഴുതിയതൊക്കെ അനാഥമായി. അവ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഒരു നിമിത്തമെന്നോണം അദ്ദേഹത്തിന്റെ പല പാട്ടുകളും ചിലര്‍ ആ‍ല്‍ബമാക്കിയും സിനിമാപാട്ടുകളായും പുറത്തിറങ്ങി. ഒന്നിലും കവിയുടെ പേര്‍ ഇല്ലായിരുന്നു....